പേജുകള്‍‌

Tuesday, 5 July 2011

തൃത്താല,വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ച് 45 ലക്ഷത്തിന്റെ സാംസ്‌കാരിക ടൂറിസംപദ്ധതി

തൃത്താല: തൃത്താല കേന്ദ്രീകരിച്ച് സാംസ്‌കാരിക ടൂറിസത്തിന് സാധ്യതതെളിയുന്നു. വി.ടി.ബല്‍റാം എം.എല്‍.എ. മുന്‍കൈയെടുത്താണ് സര്‍ക്കാരിന്റെ നൂറുദിനപരിപാടികളില്‍ ഉള്‍പ്പെടുംവിധം പന്തിരുകുലപ്പെരുമയാര്‍ന്ന തൃത്താലയില്‍ പാരമ്പര്യസ്രോതസ്സുകളെ കൂട്ടിയിണക്കി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്.
പുഴയോരത്ത് വിശ്രമസൗകര്യത്തിന് ഷെഡ്ഡുകള്‍, ലഘുഭക്ഷണശാല, പുഴയിലേക്ക് പടവുകള്‍, ബോട്ട്‌ജെട്ടി, ഉദ്യാനം, വൈദ്യുതീകരണം, തുറസ്സായസ്ഥലത്ത് ഇരിപ്പിടങ്ങള്‍ തുടങ്ങി പതിമൂന്നിന പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 45 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതായി വി.ടി.ബല്‍റാം എം.എല്‍.എ. അറിയിച്ചു.
ജില്ലാ ടൂറിസംപ്രമോഷന്‍കൗണ്‍സില്‍, സിഡ്‌കോ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൃത്താല റസ്റ്റ്ഹൗസില്‍ വി.ടി.ബല്‍റാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് പദ്ധതി ചര്‍ച്ചചെയ്തു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി, കെ.പി.സി.സി. അംഗം കെ.വി.മരയ്ക്കാര്‍, സി.ടി.സെയ്തലവി, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം.വാസുദേവന്‍, പഞ്ചായത്തംഗങ്ങളായ എം.മണികണ്ഠന്‍, ഖദീജ, യൂത്ത് കോണ്‍ഗ്രസ്​പ്രസിഡന്റ് പി.എം.മധു, പി.ബാലന്‍, ഇ.രാജേഷ്, ഷരീഫ് എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.

Monday, 4 July 2011

തൃത്താല.വെള്ളിയാങ്കല്ലിന്റെ മോടികൂട്ടാന്‍ അരക്കോടിയുടെ വികസനപദ്ധതി

തൃത്താല : പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ എം.പി.ഫണ്ടുപയോഗിച്ച് നിളയോരത്ത് വെള്ളിയാങ്കല്ലുമായി ബന്ധപ്പെടുത്തി വന്‍ ടൂറിസം വികസനപദ്ധതി വരുന്നു. 45 ലക്ഷംരൂപ ചെലവിലാണ് വെള്ളിയാങ്കല്ലിനുസമീപത്തെ 32 സെന്റ് സ്ഥലത്ത് പുതിയപദ്ധതിക്ക് തുടക്കമിടുന്നത്. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം കോസ്‌വേയുടെ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതിയെന്ന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.അറിയിച്ചു.

മേല്‍ക്കൂരയോടുകൂടിയ ഇരിപ്പിടങ്ങള്‍, ഇന്റര്‍ലോക്ക് ഇഷ്ടികയും പുല്ലും ഇടകലരുന്ന നടപ്പാതകള്‍, പുഴയോരത്ത് കാന്റിന്‍, അലങ്കാരച്ചെടികള്‍, പരിസ്ഥിതി സൗഹൃദ കംഫര്‍ട്ട്‌സ്റ്റേഷന്‍, അലങ്കാരവിളക്കുകള്‍ എന്നിവസ്ഥാപിക്കും. സിഡ്‌കോയ്ക്കാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല. പുഴയിലേക്ക് ടൂറിസ്റ്റുകള്‍ വീഴാതിരിക്കാന്‍ റെയിലിങ് നടത്തും. പടവുകള്‍കെട്ടി പുഴയിലേക്ക് പുതിയ കടവുകള്‍ തുറക്കും.

ലൈസന്‍സുള്ള ബോട്ട്‌ഡ്രൈവര്‍മാരുടെ അഭാവംകൊണ്ട് ബോട്ടിങ് ആരംഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും എം.പി.അറിയിച്ചു. ആദ്യമായി വഴിയോരവിശ്രമകേന്ദ്രം എന്നനിലയിലാകും പദ്ധതി നടപ്പാക്കുക.

Monday, 27 June 2011

തൃത്താല-പട്ടാമ്പി മേഖലയില്‍ 900 പേര്‍ തട്ടിപ്പിന് ഇരയായെന്ന് സൂചന ബിസയര്‍ തട്ടിപ്പ്: പട്ടാമ്പിയില്‍ 40 പേര്‍ പരാതിനല്‍കി

തൃത്താല: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന പേരില്‍ ഷെയറെടുത്ത് ബിസയര്‍ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പിനിരയായവരുടെ പരാതികള്‍ പട്ടാമ്പി സ്റ്റേഷനില്‍ കൂടുന്നു. ഇതുവരെ നാല്‍പ്പതോളം പേരുടെ പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

ഞാങ്ങാട്ടിരി കടവിനോടുചേര്‍ന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്നും പറഞ്ഞാണ് ഏജന്റുമാര്‍ മുഖേന ഷെയറെടുപ്പിച്ചത്. പട്ടാമ്പി, തൃത്താല മേഖലകളിലായി 900ഓളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ 12,250 രൂപ മുതല്‍ 16,250 രൂപവരെയുള്ള ഓരോ ഓഹരിയെടുത്തവരും മൂന്നും നാലും ഓഹരി എടുത്തവരുമുണ്ട്. മൂന്നും നാലും ഷെയറെടുത്ത് ഗള്‍ഫിലേക്ക് പോയവരും ഉള്‍പ്പെടുന്നു. തട്ടിപ്പ് പുറത്തായതോടെ പരാതി നല്‍കാന്‍ നാട്ടിലേക്കുവരേണ്ട സ്ഥിതിയാണ് ഇവര്‍ക്കുള്ളത്.

പരാതിയെത്തുടര്‍ന്ന് ബിസയര്‍ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ അര്‍ഷാദ്, പാര്‍ട്ണര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഗോപിനാഥന്‍നായര്‍, ഗ്രൂപ്പ് മിനിസ്റ്റര്‍ അനീഷ് മേനോന്‍ എന്നിവര്‍ക്കെതിരെ വഞ്ചനക്കുറ്റത്തിന് നിലവില്‍ കേസെടുത്തിട്ടുണ്ട്.

തൃത്താലസ്റ്റേഷനില്‍ തട്ടിപ്പിനിരയായ മൂന്നുപേരുടെ പരാതിയാണ് ലഭിച്ചിട്ടുള്ളത് തട്ടിപ്പിനിരയായവരില്‍ പുറത്തുപറയാന്‍ മടിക്കുന്നവരുമുണ്ട്. പരാതികള്‍ വാങ്ങിയശേഷം മണിചെയിന്‍ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്ലിന് കൈമാറുകയാണ് ചെയ്യുന്നത്.

നഷ്ടമായത് ഒരുകുടുംബത്തിലെ രണ്ടുപേരുടെ ജീവന്‍



തൃത്താല: കോടനാട്‌വളവിലുണ്ടായ അപകടത്തില്‍ നഷ്ടമായത് ഒരുകുടുംബത്തിലെ രണ്ടുപേരുടെ ജീവന്‍. കൂറ്റനാട്ട്‌പോയി ബൈക്കില്‍ വരികയായിരുന്ന ചെങ്ങണംകോട്ടില്‍ മുഹമ്മദാലിയും മരുമകന്‍ ഷാനുവും കുടുംബങ്ങളുടെ അത്താണിയായിരുന്നു. മേഴത്തൂര്‍കോളനിക്കാരുടെ ഇടയിലെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്ന ഷാനു ഓട്ടോഡ്രൈവറായിരുന്നു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് ഷാനു ഡ്രൈവറായതോടെയാണ് അല്പം ആശ്വാസമായത്.

അലി ദീര്‍ഘകാലമായി അറവുശാലയിലും പിന്നീട് വിദേശത്തും തൊഴിലെടുത്തിട്ടുണ്ട്. സഹോദരി സുഹറയുടെ വീടിനടുത്തായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഏതാനും മാസമായിട്ടാണ് ഇവിടെനിന്ന് താമസംമാറ്റിയത്.

ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സജീവമായിരുന്ന ഷാനുവും അലിയും ഓര്‍മ്മയായത് ഇവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. തൃത്താല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.