പേജുകള്‍‌

Tuesday 14 June, 2011

എം ടിയുടെ അനുഗ്രഹം തേടി യുവനേതാവെത്തി

മലയാള സാഹിത്യലോകത്തെ കുലപതിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ കേരള രാഷ്ട്രീയത്തിലെ ഇളമുറക്കാരന്‍ കുടുംബ സമേതമെത്തിയപ്പോള്‍ മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന് അതൊരനര്‍ഘനിമിഷമായി.
തൃത്താലയില്‍ നിന്നുള്ള എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി ടി ബല്‍റാമാണ് എം ടി വാസുദേവന്‍ നായരെ കാണാന്‍ കോഴിക്കോട്ടെത്തിയത്. മേഖലാശാസ്ത്രകേന്ദ്രത്തിന് സമീപത്തെ ഫ്‌ളാറ്റില്‍ വി ടി ബല്‍റാം ഭാര്യ അനുപമയും മകന്‍ അദൈ്വത് മാനവുമൊത്ത് എത്തുമ്പോള്‍ നിളയുടെ കഥാകാരന്‍ അതിഥികളെ കാത്തിരിപ്പുണ്ടായിരുന്നു. എം ടിയുടെ ജന്‍മസ്ഥലമായ കൂടല്ലൂര്‍ ഉള്‍പ്പെടുന്ന തൃത്താലയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവനേതാവിനെ കാണാന്‍ അദ്ദേഹം നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സാമാജികനായി തെരഞ്ഞെടുത്തശേഷമുള്ള തന്റെ ആദ്യ കോഴിക്കോട് സന്ദര്‍ശനം എം ടിയുമായുള്ള സമാഗമത്തിന് കളമൊരുക്കാന്‍ ബല്‍റാം നിശ്ചയിച്ചത്. എഴുത്തിന്റെ സൗകര്യത്തിനായി മാത്രം താമസിക്കുന്ന ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയാണ് ജ്ഞാനപീഠ പുരസ്‌കാരജേതാവിനെ ബല്‍റാമും കുടുംബവും സന്ദര്‍ശിച്ചത്. സ്വകാര്യസന്ദര്‍ശനത്തിനിടയിലും നിളയുടെ കഥാകാരന്‍ പങ്കുവെച്ചത് പ്രിയപ്പെട്ട നിളയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ഭാരതപ്പുഴയുടെ ഇന്നത്തെ ദുരവസ്ഥയെക്കുറിച്ചും പുഴയെ നശിപ്പിക്കുന്ന മണലെടുപ്പിനെക്കുറിച്ചും എം ടി ഉത്കണ്ഠ രേഖപ്പെടുത്തിയപ്പോള്‍ സര്‍വ്വപിന്തുണയും യുവ എം എല്‍ എ വാഗ്ദാനം ചെയ്തു. ബല്‍റാമിന്റെ മകന്‍ അദൈ്വത് മാനവിന്റെ നെറുകയില്‍ തൊട്ടനുഗ്രഹിച്ച അദ്ദേഹം കുഞ്ഞുമായി അല്പനേരം സല്ലപിക്കാനും സമയം കണ്ടെത്തി. ബല്‍റാമിനോടും ഭാര്യ അനുപമയോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരുവരെയും അനുഗ്രഹിച്ച ശേഷം യാത്രയാക്കുമ്പോള്‍ മഹാനായ സാഹിത്യകാരന്‍ തികച്ചുമൊരു സാധാരണ ആതിഥേയന്റെ ഭാവപ്പകര്‍ച്ചയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് എം പി ആദം മുല്‍സിയും ബല്‍റാമിനും കുടുംബത്തിനുമൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment