പേജുകള്‍‌

Friday, 15 July 2011

മകളുടെ വിവാഹത്തോടൊപ്പം രണ്ട് പെണ്‍കുട്ടികള്‍ക്കും മംഗല്യയോഗംനല്‍കി കൊപ്പത്ത് സിദ്ദിഖ്

തൃത്താല: സ്വന്തംമകളുടെ വിവാഹത്തിനൊപ്പം രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹസൗഭാഗ്യമൊരുക്കി സിദ്ദിഖ് മാതൃകയായി. തൃത്താലസൗത്തില്‍ താമസിക്കുന്ന കൊപ്പത്ത് സിദ്ദിഖാണ് തന്റെമകളുടെ വിവാഹത്തിനൊപ്പം സാമ്പത്തിക ശേഷിയില്ലാത്ത രണ്ടുകുട്ടികളുടെ വിവാഹംനടത്താന്‍ സഹായിച്ചത്. അച്ഛന്‍മാരില്ലാത്ത രണ്ടുപേര്‍ക്കും ഇരുപതുപവന്‍വീതം സ്വര്‍ണവും സിദ്ദിഖ് നല്‍കി. കളത്തില്‍ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകള്‍ കദീജ, കൊടിവളപ്പില്‍ സുഹ്‌റയുട മകള്‍ ഫൗസിയ എന്നിവര്‍ക്കാണ് ശിഹാബ്തങ്ങള്‍റിലീഫ് സെന്റര്‍ തൃത്താല ഘടകത്തിന്റെ സഹകരണത്തോടെ നാല്പതുപവന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയത്. ദുബായില്‍ സ്വര്‍ണവ്യാപാരിയാണ് സിദ്ദിഖ്.

Thursday, 14 July 2011

പലിശരഹിതവായ്‌പ അനുവദിക്കണം

തൃത്താല: വിദേശത്തുനിന്ന് തിരിച്ചെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്ക് വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലിശരഹിതവായ്പ അനുവദിക്കണമെന്ന് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സി.ടി.സെയ്തലവി ഉദ്ഘാടനംചെയ്തു. എന്‍.പി.ഉണ്ണിക്കൃഷ്ണന്‍നായര്‍ അധ്യക്ഷനായി. മാനു, കെ.വി.കുഞ്ഞുമുഹമ്മദ്, ടി.കെ.മുഹമ്മദ്, അസീസ്, കുഞ്ഞാപ്പ, റസാഖ്, അമീര്‍ എന്നിവര്‍ സംസാരിച്ചു

അഭിനന്ദിച്ചു

തൃത്താല: ചിറ്റപ്പുറം പാലത്തില്‍ ടോള്‍പിരിവ് നിര്‍ത്തലാക്കിയ സംസ്ഥാന ഗവണ്മെന്റിനെയും ഇതിന് ശ്രമംനടത്തിയ വി.ടി.ബല്‍റാം എം.എല്‍.എ.യെയും യൂത്ത് കോണ്‍ഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പി.എം.മധു അധ്യക്ഷനായി

പൊന്നാനി-തൃത്താല വഴി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ബസ്‌സര്‍വീസ്

തൃത്താല: പൊന്നാനിയില്‍നിന്ന് തൃത്താല, തൃശ്ശൂര്‍ മെഡിക്കല്‍കോളേജ്‌വഴി കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസ് തുടങ്ങുന്നു. പൊന്നാനി ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് കുറ്റിപ്പുറം, കുമ്പിടി, തൃത്താല, കൂറ്റനാട്, പെരിങ്ങോട്, മെഡിക്കല്‍കോളേജ് വഴി തൃശ്ശൂരിലെത്തുന്നതാണ് സര്‍വീസ്. പുതിയ ബസ് ജൂലായ് 24ന് സര്‍വീസ്തുടങ്ങുമെന്ന് അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. പറഞ്ഞു.

ഇതോടെ തൃത്താലമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവംമൂലം വലയുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും.

വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസംമേഖലയിലേക്ക്

തൃത്താല: പറയിപെറ്റ പന്തിരുകുലത്തിന്റെ പെരുമയുള്ള വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസം ഭൂപടത്തില്‍ സ്ഥാനംനേടുന്നു. 45 ലക്ഷംരൂപ മുടക്കി സംസ്ഥാനസര്‍ക്കാരാണ് തൃത്താലയെ കേന്ദ്രീകരിച്ച് ടൂറിസംപദ്ധതിക്ക് രൂപംനല്‍കിയത്. 52 ലക്ഷംരൂപ എസ്റ്റിമേറ്റുള്ള പദ്ധതിക്ക് 45 ലക്ഷത്തിന്റെ ഭരണാനുമതിയാണ് ലഭിച്ചത്. നിര്‍മാണഉദ്ഘാടനം 25ന് നടക്കും. പന്തിരുകുലത്തിലെ വരരുചിയുടെ 12 മക്കളുടെ ചരിത്രത്തിനുകൂടി പ്രാധാന്യംകൊടുത്ത് ടൂറിസംപദ്ധതിയെ വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. വി.ടി. ബല്‍റാം അറിയിച്ചു.

25ന് രാവിലെ 11ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനംചെയ്യുമെന്നും എം.എല്‍.എ. അറിയിച്ചു.

ചരിത്രപ്രാധാന്യമുള്ള പത്തിലേറെ സ്ഥലങ്ങളെ ടൂറിസം പദ്ധതിയുമായി കൂട്ടിയിണക്കാനും പരിപാടിയുണ്ട്. ഇതില്‍ തൃത്താലശിവക്ഷേത്രം, യജ്ഞേശ്വരംക്ഷേത്രം, പാക്കനാര്‍ കാഞ്ഞിരം, വേമഞ്ചേരിമന, പന്നിയൂര്‍ക്ഷേത്രം, പൂവിലാശ്ശേരിക്ഷേത്രം, കൊടിക്കുന്ന്‌ക്ഷേത്രം, രായിരനല്ലൂര്‍ മല, ഭ്രാന്താചലം തുടങ്ങിയവയും ചരിത്രപ്രാധാന്യമുള്ള മറ്റുസ്ഥലങ്ങളും ഉള്‍പ്പെടും.

ആദ്യഘട്ടമെന്നനിലയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഭാഗത്തെ കാഴ്ച കാണാനെത്തുന്നവര്‍ക്കായി 9,55,200 രൂപ ചെലവില്‍ ലഘുഭക്ഷണശാലയും ടോയ്‌ലറ്റുകളും നിര്‍മിക്കും. വെയിലും മഴയുമേല്‍ക്കാതെ വിശ്രമസ്ഥലത്ത് ഇരിപ്പിടം നിര്‍മിക്കാനായി 5,40,000 രൂപയും തുറസ്സായസ്ഥലങ്ങളില്‍ ഇരിപ്പിടങ്ങളൊരുക്കാന്‍ 2,80,000 രൂപയും നീക്കിവെക്കും. നടപ്പാതകള്‍ക്ക് 6,30,000 രൂപയും വകയിരുത്തും. പുഴയിലേക്കുള്ള പടവുകള്‍ക്കും പൂന്തോട്ടത്തിനും തുക അനുവദിക്കും. തെരുവുവിളക്കുകളും മറ്റും സ്ഥാപിക്കാനായി 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

6,50,000 രൂപ വകയിരുത്തിയ ബോട്ടുജെട്ടിക്ക് തത്കാലം അനുമതിയുണ്ടാവില്ല. പക്ഷേ, വൈകാതെ ഇതിനുള്ള സൗകര്യങ്ങളൊരുക്കും. റഗുലേറ്ററിനകത്ത് പ്രവര്‍ത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, ഗുരുവായൂര്‍ ശുദ്ധജലപദ്ധതി എന്നിവയെക്കൂടി പരിഗണിക്കേണ്ടതിനാല്‍ മോട്ടോര്‍ബോട്ട് സര്‍വീസിന് തത്കാലം സാധിക്കില്ലെന്ന് സ്ഥലപരിശോധനനടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിനും കൂടുതല്‍ സാധ്യതയുള്ളതാണ് പദ്ധതി.

Tuesday, 5 July 2011

തൃത്താല,വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ച് 45 ലക്ഷത്തിന്റെ സാംസ്‌കാരിക ടൂറിസംപദ്ധതി

തൃത്താല: തൃത്താല കേന്ദ്രീകരിച്ച് സാംസ്‌കാരിക ടൂറിസത്തിന് സാധ്യതതെളിയുന്നു. വി.ടി.ബല്‍റാം എം.എല്‍.എ. മുന്‍കൈയെടുത്താണ് സര്‍ക്കാരിന്റെ നൂറുദിനപരിപാടികളില്‍ ഉള്‍പ്പെടുംവിധം പന്തിരുകുലപ്പെരുമയാര്‍ന്ന തൃത്താലയില്‍ പാരമ്പര്യസ്രോതസ്സുകളെ കൂട്ടിയിണക്കി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്.
പുഴയോരത്ത് വിശ്രമസൗകര്യത്തിന് ഷെഡ്ഡുകള്‍, ലഘുഭക്ഷണശാല, പുഴയിലേക്ക് പടവുകള്‍, ബോട്ട്‌ജെട്ടി, ഉദ്യാനം, വൈദ്യുതീകരണം, തുറസ്സായസ്ഥലത്ത് ഇരിപ്പിടങ്ങള്‍ തുടങ്ങി പതിമൂന്നിന പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 45 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതായി വി.ടി.ബല്‍റാം എം.എല്‍.എ. അറിയിച്ചു.
ജില്ലാ ടൂറിസംപ്രമോഷന്‍കൗണ്‍സില്‍, സിഡ്‌കോ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൃത്താല റസ്റ്റ്ഹൗസില്‍ വി.ടി.ബല്‍റാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് പദ്ധതി ചര്‍ച്ചചെയ്തു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി, കെ.പി.സി.സി. അംഗം കെ.വി.മരയ്ക്കാര്‍, സി.ടി.സെയ്തലവി, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം.വാസുദേവന്‍, പഞ്ചായത്തംഗങ്ങളായ എം.മണികണ്ഠന്‍, ഖദീജ, യൂത്ത് കോണ്‍ഗ്രസ്​പ്രസിഡന്റ് പി.എം.മധു, പി.ബാലന്‍, ഇ.രാജേഷ്, ഷരീഫ് എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.

Monday, 4 July 2011

തൃത്താല.വെള്ളിയാങ്കല്ലിന്റെ മോടികൂട്ടാന്‍ അരക്കോടിയുടെ വികസനപദ്ധതി

തൃത്താല : പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ എം.പി.ഫണ്ടുപയോഗിച്ച് നിളയോരത്ത് വെള്ളിയാങ്കല്ലുമായി ബന്ധപ്പെടുത്തി വന്‍ ടൂറിസം വികസനപദ്ധതി വരുന്നു. 45 ലക്ഷംരൂപ ചെലവിലാണ് വെള്ളിയാങ്കല്ലിനുസമീപത്തെ 32 സെന്റ് സ്ഥലത്ത് പുതിയപദ്ധതിക്ക് തുടക്കമിടുന്നത്. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം കോസ്‌വേയുടെ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതിയെന്ന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.അറിയിച്ചു.

മേല്‍ക്കൂരയോടുകൂടിയ ഇരിപ്പിടങ്ങള്‍, ഇന്റര്‍ലോക്ക് ഇഷ്ടികയും പുല്ലും ഇടകലരുന്ന നടപ്പാതകള്‍, പുഴയോരത്ത് കാന്റിന്‍, അലങ്കാരച്ചെടികള്‍, പരിസ്ഥിതി സൗഹൃദ കംഫര്‍ട്ട്‌സ്റ്റേഷന്‍, അലങ്കാരവിളക്കുകള്‍ എന്നിവസ്ഥാപിക്കും. സിഡ്‌കോയ്ക്കാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല. പുഴയിലേക്ക് ടൂറിസ്റ്റുകള്‍ വീഴാതിരിക്കാന്‍ റെയിലിങ് നടത്തും. പടവുകള്‍കെട്ടി പുഴയിലേക്ക് പുതിയ കടവുകള്‍ തുറക്കും.

ലൈസന്‍സുള്ള ബോട്ട്‌ഡ്രൈവര്‍മാരുടെ അഭാവംകൊണ്ട് ബോട്ടിങ് ആരംഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും എം.പി.അറിയിച്ചു. ആദ്യമായി വഴിയോരവിശ്രമകേന്ദ്രം എന്നനിലയിലാകും പദ്ധതി നടപ്പാക്കുക.