ഞാന്‍ ഒരു കിണറാണ്. വീട്ടുകിണര്‍, കുഴല്‍ക്കിണര്‍ തുടങ്ങി നിരവധി കിണറുകളുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഒരു പഞ്ചായത്ത് കിണറാണ് ഞാന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതീഹ്യമുറങ്ങുന്ന തൃത്താല പഞ്ചായത്തിലെ വി.കെ കടവില്‍ നിളയുടെ തീരത്താണ് എന്റെ വാസസ്ഥലം. എന്റെ പ്രായം എനിക്കറിയില്ല.... പക്ഷെ നിരവധി പ്രായത്തിലുള്ളവര്‍ക്ക് എന്നെയറിയാം. ഒരുപാട് തലമുറകള്‍ എന്റെ മുന്നിലൂടെ നടന്നു നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് എന്റെ നാട്ടുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു ഞാന്‍. എന്നാലിന്ന് വെറുമൊരു ഇരിപ്പിടമായി ഞാന്‍ മാറിയിരിക്കുകയാണ്. എന്റെ നാടിന്റെ അടയാളമാണ് ഞാന്‍. എന്റെയടുത്ത് വരാത്തതായി ആരുമില്ല എന്റെ നാട്ടില്‍. നാട് ഉണരുന്നതിന് മുമ്പ് ഞാനുണരും. നേരം പുലര്‍ന്നാല്‍ എനിക്ക്‌് സമീപം ആളുകള്‍ എത്തി തുടങ്ങും. രാവിലെ എന്റെ പടവില്‍ ഇരുന്ന് പുകവലിക്കുന്നതും സൊറ പറയുന്നതും എന്റെ നാട്ടിലെ കാരണവന്‍മാരുടെ വിനോദമാണ്. നാട്ടിലെ ചെറിയ, ചെറിയ പ്രശ്‌നങ്ങള്‍, സമകാലീന രാഷ്ട്രീയം, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം ചര്‍ച്ചക്ക് വരും. അതുകൊണ്ട് തന്നെ ചെറിയ ഒരു വിജ്ഞാനകോശമായി ഞാന്‍ മാറിയിരിക്കുകയാണ്. സമയം കുറച്ച് കൂടി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ വാസകേന്ദ്രമായി ഞാന്‍ മാറും. അതോടെ ഞാനുമൊരു വിദ്യാര്‍ത്ഥിയാകും. സ്‌കൂള്‍ ജീവിതത്തിന്റെ രസങ്ങളും രസക്കേടുകളും എന്റെ കാതിലെത്താറുണ്ട്. കലാലയ ജീവിതത്തിലെ പ്രണയ കഥകള്‍ എന്നെ ആനന്ദിപ്പിക്കാറും നഷ്ട്‌പ്രണയങ്ങളുടെ നൊമ്പരങ്ങള്‍ എന്നെ വേദനിപ്പിക്കാറുമുണ്ട്. വൈകുന്നേരമാവുന്നതോടെ ചെറുപ്പക്കാരുടെ വിശ്രമകേന്ദ്രമായി എന്നെ മാറ്റുകയായി. പിന്നെ ചിരിയും കളിയും ആരംഭിക്കുകയായി. പരസ്‌പരം പരിഹസിച്ചും തമാശ കഥകളുണ്ടാക്കിയും ഇരട്ടപേരുകള്‍ വിളിച്ചും എന്റെ പടവ് ചെറുപ്പക്കാരെ കൊണ്ട് നിറയും. കാരണവന്‍മാരുടെ മുതല്‍ ചെറിയ കുട്ടികളുടെ വരെ ഇരട്ട പേരുകള്‍ എനിക്കറിയാം. എന്റെ സമീപം കൂടുതല്‍ സമയം ചെലവഴിക്കുന്നത് ചിലര്‍ക്ക് വിനയാകാറുണ്ട്. പോലീസുകാരില്‍ നിന്ന് പിഴ ശിക്ഷ ലഭിച്ചവരും എന്റെ നാട്ടിലുണ്ട്. ചിലര്‍ എന്നിലേക്ക് വീണതും ചിലരുടെ ബാഗുകളും മറ്റും എന്നിലെത്തിയെതും എന്നെ ചുറ്റിപറ്റിയുള്ള രസകരമായ കഥകളാണ്. നാട്ടിലെ പല രഹസ്യ ചര്‍ച്ചകളും ചിലപ്പോള്‍ എന്റെ സമീപത്ത് നടക്കുന്നതകൊണ്ട് ഞാനറിയാത്ത രഹസ്യങ്ങളുമില്ല. നാട്ടുകാര്‍ക്ക് എന്നോടുള്ള പ്രിയം കൊണ്ട് തന്നെ ആരും എന്നെ മലിനപ്പെടുത്താറില്ല. എന്റെ കൂട്ടത്തില്‍പ്പെട്ട നിരവധി കിണറുകള്‍ നശിപ്പിക്കപ്പെടുമ്പോഴും എന്റെ നാട്ടുകാര്‍ എന്നെ പരിപാലിക്കുകയാണ്. വി.കെ കടവിലെ നിരവധി തലമുറകളുടെ ചരിത്രമറിയുന്ന എനിക്ക് ഇനി വരുംതലമുറയുടെ ചിരികളിയും കേട്ടസ്വദിക്കാനും നാടിന്റെ വികസനത്തിന് സാക്ഷിയാകാനും കഴിയണമെ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഞാന്‍.
എന്റെ പ്രിയ സുഹുര്‍ത്തും ,സഹാപാടിയും മായ യൂസഫ് ഷാ തൃത്താല .വി കെ കടവ് തയ്യാറാക്കിയത് .
No comments:
Post a Comment